ബാംഗ്ലൂര്‍: സൂഫിയയുടെ ഫോണില്‍ മഅദനിയുമായി ഉറുദുവില്‍ സംസാരിച്ചതാരാണ്? പോലീസ് കസ്റ്റഡിയിലുള്ള മഅദനിയില്‍നിന്ന് അന്വേഷണസംഘത്തിന് അറിയേണ്ട സുപ്രധാന വിവരം ഇതാണ്. മഅദനിയെ ചോദ്യം ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത് 72 ചോദ്യങ്ങളുടെ ചോദ്യാവലിയും.
ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നറിയുന്നു. ചോദ്യം ചെയ്യലിനോട് മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് സിറ്റി പോലീസ് ജേയന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സൂചന നല്‍കി.
തടിയന്റവിട നസീറിനെ വര്‍ഷങ്ങളായി അറിയാമെന്ന് സമ്മതിച്ച മഅദനി പക്ഷേ, അയാളുമായി ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേരള പോലീസിന്റെ സുരക്ഷയുള്ളതിനാല്‍ താന്‍ കുടകില്‍ പോയിട്ടില്ലെന്ന പഴയ നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലില്‍, മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യക്തമായ നിയമോപദേശത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് മഅദനി എത്തിയിരിക്കുന്നതെന്ന് മറുപടികളില്‍നിന്ന് പോലീസിനു ബോധ്യമായിട്ടുണ്ട്.
ചോദ്യം ചെയ്യലിന്റെ ഭാഗമായി 72 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും മഅദനിക്കായി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. തടിയന്റവിട നസീറുമായുള്ള ബന്ധത്തിന്റെ സ്വഭാവം, നസീറിന്റെയും സര്‍ഫ്രാസ് നവാസിന്റെയും അന്‍വാര്‍ശ്ശേരി സന്ദര്‍ശനങ്ങള്‍, കോഴിക്കോട് മുക്കത്തെ ആയുര്‍വേദ ആസ്പത്രിയിലെ ചികിത്സ, കുടകുസന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയുന്നു.
പ്രാഥമിക ചോദ്യംചെയ്യലില്‍ മഅദനി വേണ്ടത്ര വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ ശനിയാഴ്ച മുതല്‍ തെളിവുകള്‍ക്കു പുറമേ കൂട്ടുപ്രതികളെയും കൂടി ഉപയോഗിച്ചുള്ള ചോദ്യംചെയ്യല്‍ തുടങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനായി തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നടപടി തുടങ്ങി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലുള്ള ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ചയോടെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.
അതിനിടെ, സേ്ഫാടനത്തിനു മുമ്പ് ഫോണില്‍ മഅദനിയുമായി ഒരാള്‍ ഉറുദുവില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.
സൂഫിയയുടെ മൊബൈല്‍ ഫോണിലേക്കുവന്ന വിളിയില്‍ സംസാരിച്ചിരിക്കുന്നത് മഅദനിയാണെന്ന് ശബ്ദപരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തടിയന്റവിട നസീര്‍ ഉപയോഗിച്ചിരുന്ന ആറു സിം കാര്‍ഡുകളിലൊന്നില്‍നിന്നാണ് വിളി വന്നിരിക്കുന്നത്. മുന്‍ സിമി പ്രവര്‍ത്തകനും ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ സാക്ഷിയുമായ യൂസഫാണ് വ്യാജ മേല്‍വിലാസമുപയോഗിച്ച് ഈ സിം കാര്‍ഡ് തടിയന്റവിട നസീറിനു തരപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. തടിയന്റവിട നസീര്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉറുദുവില്‍ സംസാരിച്ചത് എന്നാണ് അന്വേഷണസംഘത്തിന് അറിയേണ്ടത്. കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ അതു നിര്‍ണായകമായിരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.
ക്യാമ്പില്‍ മഅദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ള റഫീഖിനെയും പ്രഭാകറിനെയും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ കൊണ്ടുവന്ന് തിരിച്ചറിയല്‍ പരേഡ് നടത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍വെച്ച് പരേഡ് നടത്താനാണ് ബാംഗ്ലൂര്‍ പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ വിസമ്മതിച്ചു.
ഇത്തരം വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വിശദ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെളിവെടുപ്പിനായി മഅദനിയെ തീവ്രവാദ ക്യാമ്പ് നടന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലെ ക്യാമ്പില്‍ കൊണ്ടുപോകുന്നത് പോലീസ് പുനഃപരിശോധിക്കുന്നുണ്ട്. റഫീഖും പ്രഭാകറും മഅദനിയെ തിരിച്ചറിഞ്ഞാല്‍പ്പിന്നെ കുടകിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. മാത്രമല്ല, മഅദനിയുടെ രോഗാവസ്ഥയും സുരക്ഷാപ്രശ്‌നങ്ങളും പോലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.