Wednesday, June 30, 2010
കടം മൂലം നാട്ടില്‍ വീട്ടുകാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അറിഞ്ഞശേഷം ഇനിയും ഇവിടെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വീട്ടുകാര്‍ പലരും ആത്മഹത്യാ ഭീഷണി വരെ മുഴക്കിയിരിക്കുകയാണ്. പലിശക്കാരുടെ ഗുണ്ടകളുടെ ഭീഷണിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാകുന്നില്ല. വിമാന ടിക്കറ്റും ബാങ്ക് ഗാരണ്ടിയും കിട്ടിക്കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരോട് അവര്‍ അഭ്യര്‍ഥിച്ചു. നാട്ടില്‍ ചെന്ന ശേഷം പൊലീസില്‍ പരാതി നല്‍കി കമ്പനിയുടമകളുടെ വീട്ടില്‍ ചെന്ന് ശമ്പള കുടിശ്ശികയും വിസക്ക് കൊടുത്ത ഒരു ലക്ഷവും വാങ്ങാന്‍ സാധിക്കുമെന്ന വിശ്വാസവും ഇവര്‍ക്കുണ്ട്.
കുടുംബാംഗങ്ങള്‍ നാട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങളോര്‍ത്ത് നീറുകയാണ് തൊഴിലാളികള്‍. നെയ്യാറ്റിന്‍കര സ്വദേശി സുദിത് സുരേന്ദ്രന്റെ പിതാവ് രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. കമ്പനിയില്‍ നിന്ന് പാസ്‌പോര്‍ട്ട് കിട്ടാന്‍ വൈകിയതിനാല്‍ ഏക മകനായ സുദിതത്തിന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സമയത്തിന് പോകാനായില്ല. മകന്‍ വരുന്നതും കാത്ത് പിതാവിന്റെ മൃതദേഹം രണ്ടുനാള്‍ ഫ്രീസറില്‍ വെക്കുകയായിരുന്നു. ഫ്രീസറിന്റെ വാടക പോലും കൊടുക്കാനുള്ള പണം കൈയ്യിലില്ലാതെയാണ് സുദിത് വിമാനം കയറിയിരിക്കുന്നത്.
കൊട്ടാരക്കര സ്വദേശി റെജിയുടെ വിവാഹം ജൂലൈ രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ കമ്പനി എടുക്കാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഈ യുവാവ്.
കൊല്ലം സ്വദേശിയായ ഷിബുവിന്റെ മകന്‍ ഉന്നത മാര്‍ക്ക് വാങ്ങിയാണ് പ്ലസ്ടു വിജയിച്ചത്. തുടര്‍പഠനത്തിന് ഫീസ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ മാനസിക വിഷമത്തിലായ മകന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭീതിയിലാണ് ഷിബു. പലിശ കുന്നുകൂടിയതോടെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭാര്യയെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നതാണ് തൊഴിലാളികളെയെല്ലാം കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.
അതിനിടെ, ഇവരെ സഹായിക്കാനായി നിരവധി സംഘടനകള്‍ ദിനംപ്രതി മുന്നോട്ടുവരുന്നുണ്ട്. ദൈദ് മലയാളി അസോസിയേഷന്‍ റിലീഫ് കണ്‍വീനര്‍ പി.കെ ഫാറൂഖ് കുട്ടമംഗലം കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഡീസല്‍ എത്തിച്ചുകൊടുത്തു. ഒരു ദിവസം എ.സി പ്രവര്‍ത്തിപ്പിക്കാന്‍ 900 ദിര്‍ഹത്തിന്റെ ഡീസലാണ് വേണ്ടത്. ഷാര്‍ജയിലെ ഗ്രാന്റ് റെഡ് പെപ്പര്‍ റസ്‌റ്റോറന്റുകാര്‍ ഇന്നലെ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്തു. ചൈല്‍ഡ് കെയര്‍ ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീകളുടെ അസോസിയേഷനായ റോഷ്‌നി ഓര്‍ഗനൈസേഷന്‍ ടെലിഫോണ്‍ കാര്‍ഡുകളും വിതരണം ചെയ്തു. നാളുകളായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരുന്ന തൊഴിലാളികള്‍ക്ക് ഇത് ഏറെ ആശ്വാസമായി.
അതേസമയം, ഷാര്‍ജയിലെ ഒരു പ്രമുഖ ഇന്ത്യന്‍ അസോസിയേഷന്റെ ഭാരവാഹികള്‍ കമ്പനിയുടമകള്‍ക്ക് അനുകൂലമായാണ് സംസാരിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എന്തെങ്കിലും സഹായം നല്‍കിയെന്ന് വരുത്തി തങ്ങളെ ഒഴിവാക്കാനാണ് അവരുടെ ശ്രമം. അസോസിയേഷന്‍ പ്രസിഡന്റ് ക്യാമ്പിന്റെ ഗേറ്റ് വരെ വന്ന ശേഷം ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്ത് പ്രഹസനം കാണിച്ച് മടങ്ങുകയായിരുന്നു.
തങ്ങളുമായി സംസാരിക്കാനോ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ അദ്ദേഹം തയാറായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. മന്ത്രിമാരെയും സമ്പന്നരെയും സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്ന ഇത്തരം സംഘടനയുടെ ഭാരവാഹികളില്‍ പലര്‍ക്കും കമ്പനിയുമായി ബന്ധമുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
0 comments:
Post a Comment