ഹര്‍ത്താലിന്‍റെ ചില നാറിയ കഥകള്‍


ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്‌കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്‌സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര്‍ ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.

പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്‌സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന്‍ വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.

സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്‌കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.

2 comments:

കേരളത്തില്‍ കുടുംബസമേതം സഞ്ചരിക്കുന്നത് റിസ്ക് ഉള്ള ഏര്‍പ്പാടായി മാറുന്നു. സീപീയെമ്മിന് പഴി തീര്‍ക്കാനുള്ള ആരെങ്കിലും മുന്നിലോ പിന്നിലോ സഞ്ചരിക്കുന്നുണ്ടെങ്കില്‍ പെട്ടത് തന്നെ. സ്ത്രീ എന്നാല്‍ വെറും ഉപഭോഗവസ്തു എന്നാണോ അഭിനവമാര്‍ക്സിസ്റ്റുകള്‍ കാണുന്നത് ?

 

ശെരിയാണ് താങ്കള്‍ പറഞ്ഞത്‌ കുടുംബസമേതം യാത്ര ചെയ്യുകയാണെങ്കില്‍ ചെവിയില്‍ പഞ്ഞിതിരുകുന്നത്‌ നന്നാവും കാരണം ഇതുപോലെയുള്ളവരുടെ തെറി കേള്‍ക്കണ്ടല്ലോ

 

Post a Comment

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates