നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

0 comments:

Post a Comment

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates